
മനസ്സില്ലാതിരിക്കുന്ന അവസ്ഥയാണ് യോഗ. മനസ്സ് എന്ന പദം അഹന്തകളെ ആഗ്രഹങ്ങളെ പ്രതീക്ഷകളെ ദര്‍ശനങ്ങളെ മതങ്ങളെ വേദപുസ്തകങ്ങളെ - എല്ലാറ്റിനേയും ഉള്‍ക്കൊള്ളുന്നു. നിങ്ങള്‍ക്ക് ചിന്തിക്കാനാവുന്നതത്രയും മനസ്സാണ്. അറിയപ്പെട്ടതും അറിയാവുന്നതുമെല്ലാം മനസ്സിനകത്താണ്. മനസ്സില്ലാതാകുമ്പോള്‍ നിങ്ങള്‍ അജ്ഞാതത്തിലാണ്. അജ്ഞാതത്തിലേക്കുള്ള കുതിച്ചുചാട്ടമാണ് യോഗ.
യോഗ നിഷ്ഠയാണ്. സ്വയം പരിവര്‍ത്തനം ചെയ്യാനുള്ള നിങ്ങളുടെ ശ്രമമാണ്. യോഗ ഒരു ചികില്സാമുറയല്ല, അതൊരു ചര്യയാണ്. എന്താണിവ തമ്മിലുള്ള വ്യത്യാസം. നിങ്ങള്‍ക്ക് സുഖമില്ലെങ്കില്‍ നിങ്ങള്‍ രോഗഗ്രസ്തനാണെങ്കില് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുവെങ്കില്‍ ഒരു ചികില്സാമുറ ആവശ്യമായി വരുന്നു. നിങ്ങള്‍ ആരോഗ്യവാനാണെങ്കില്ക്കൂടി ഒരു നിഷ്ഠ നിങ്ങള്‍ക്കാവശ്യമാണ്. യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ക്ക് ആരോഗ്യം ഉണ്ടെങ്കില്‍ മാത്രമേ ഒരു ജീവിതചര്യ ആവശ്യമായി വരുന്നുള്ളൂ. അല്ലാതെ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്ക്കുള്ളതല്ല അത്. -ഓഷോ