
വലിയ ഒച്ചകള്‍ നിറഞ്ഞ ഹാളില്‍നിന്ന് ഒരാള്‍ ഉച്ചത്തില്‍ പറയുന്നു:
നിങ്ങളൊന്നു മിണ്ടാതിരിക്കൂ, പുറത്തെന്തോ ശബ്ദം കേള്‍ക്കുന്നു-
ഇതുപോലെയാണ് ഈ എഴുത്തുകാരന് പലപ്പോഴും കഥയില്‍ നില്‍ക്കുന്നത്. വേറിട്ട ഒച്ചയെ അതു തേടുന്നു; വേറിട്ട ഭാഷയെയും.
ഒ.വി.വിജയന്റെ കാര്‍ട്ടൂണ്‍സാന്നിധ്യവും വി.പി.ശിവകുമാറിന്റെ ഐറണിയും കോവിലന്റെ ധ്വനിരൂപകവും മുരളിയിലുണ്ട്. കുറച്ച് വി.കെ.എന്‍.
അരാജകത്വവും ഇതിനു കാവലുണ്ട്. പക്ഷേ, ഇതൊന്നുമല്ലാത്ത,
ഇതിന്റെയൊക്കെ താവഴിയില്‍ സഞ്ചരിക്കുന്ന തനതുഭാഷയും ഭാവവും
ഇയാളില്‍ നമ്മള് കണ്ടുമുട്ടുകയും ചെയ്യുന്നു.
- ശിഹാബുദ്ദീന് പൊയ്ത്തുംകടവ്
വി.കെ.എന്‍. എഴുത്തുകള്‍ക്ക് സമാനമായ ഒരു വായനാനുഭവം എനിക്ക്
നല്കിയ കഥയാണ് ’കുരുക്ഷേത്രത്തില്‍ ലഞ്ച് ബ്രേക്കാണ്.’
അത്, പിന്നീടെന്നെ മുരളിയുടെ മറ്റു കഥകള്‍ തപ്പിയെടുത്ത് വായിക്കാന്‍
പ്രേരിപ്പിച്ചു. ഒന്നും മറ്റൊന്നിനോട് സാമ്യമില്ലാത്ത ശൈലിയിലെഴുതപ്പെട്ടിട്ടുള്ള കഥകള്‍. ഇത്രയേറെ, ജീവിതത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരാളെ
എന്റെ സിനിമാജീവിതത്തിനിടയില്‍ ഞാന്‍ കണ്ടുമുട്ടിയിട്ടില്ല.
ആ നിരീക്ഷണപാടവംതന്നെയാണ് കഥാകാരനെന്നപോലെ മുരളിയിലെ
നടനെയും രൂപപ്പെടുത്തിയതെന്ന് ഞാന്‍ വിശ്വസിക്കുന്നു.
- ലാല്‍ ജോസ്