
മാന്തളിര് എന്ന ഗ്രാമം. മതവും രാഷ്ട്രിയവും അവിടത്തെ ജീവവായുവാണ്. സഭയും പാര്‍ട്ടികളും മാന്തളിരുകാരുടെ നിത്യജീവിതത്തില്‍ നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്നു. അവയുണ്ടാക്കുന്ന സംഘര്‍ഷങ്ങളെ ആക്ഷേപഹാസ്യത്തിന്റെ കളിമട്ടില്‍ അവതരിപ്പിക്കുകയാണ് ബെന്യാമിന്.
മാന്തളിർ. സർക്കാർ രേഖകളിൽ എവിടെയും രേഖപ്പെടുത്താത്ത ഒരു പ്രദേശം .എന്നാൽ സഭാചരിത്രം ഉൾപ്പടെയുള്ള പല രേഖകളിലും മാന്തളിർ എന്ന ദേശം ഉണ്ട്..ദേശനിവാസികളുണ്ട്...
ഓരോ എഴുത്തുകാരനെയും അടയാളപ്പെടുത്താൻ, എഴുത്തുകാരന് അടയാളപ്പെടുത്താൻ ഒരു ദേശമുണ്ടാകും.
താൻ ജനിച്ചു വളർന്നതും ജീവിച്ചതും , തന്റെ എല്ലാമായ , പാരമ്പര്യങ്ങളുടെ കഥകൾ വിളിച്ചോതുന്നതുമായ ദേശം. ആ ദേശത്തിന്റെ വെള്ളിവെളിച്ചങ്ങൾ അവരുടെ കഥകളിൽ., കഥാപാത്രങ്ങളിൽ പ്രകാശം പൊതിയാറുണ്ട്.
എഴുത്തിന്റെ ലോകത്തു, മലയാള സാഹിത്യത്തിൽ തന്നെ പല ദേശങ്ങളും നമ്മൾ നേരിൽ കാണാതെ തന്നെ നമ്മുടെ സ്വപ്നങ്ങളിൽ നിറം നൽകി കടന്നു വരാറുണ്ട്.. കുട്ടനാടും , വള്ളുവനാടും, വൈക്കവും, ഖസാക്കും , സുലൈമാനിയുടെ കഥപറയുന്ന കോഴിക്കോടുമൊക്കെ നമ്മൾ നെഞ്ചിൽ അടക്കി വച്ച ദേശങ്ങളാണ്.. മാന്തളിർ ദേശവും വായനക്കാരന്റെ മനസ്സിൽ മായാതെ നിൽക്കും എന്നതിൽ സംശയം ഇല്ല.
നാലഞ്ചു പതിറ്റാണ്ടുകൾ പിന്നിട്ട നാട്ടു വഴികളിലൂടെ, സഭാ വിയോജിപ്പുകളുടെയും, വിദ്വേഷത്തിന്റെയും കമ്മ്യൂണിസത്തിന്റെയും ഒക്കെ തിരുശേഷിപ്പുകൾ വളരെ രസകരമായി, ആക്ഷേപവും ഹാസ്യവും കൂട്ടിക്കലർത്തി വായനക്കാർക്കു ഒരു പുതുമ നിറഞ്ഞ വായനാ അനുഭവം സമ്മാനിക്കുകയാണ് ശ്രീ ബെന്യാമിൻ തന്റെ പുതിയ നോവലിലൂടെ..
മാന്തളിർ ദേശത്തിലൂടെ കടന്നു പോകുമ്പോൾ ആ ദേശവും , അവിടുത്തെ ആളുകളും, തനതായ മധ്യതിരുവിതാംകൂർ ധാർഷ്ട്യവും,സംസ്ക്കാരവും, ജീവിത രീതികളും ,ഭാഷ പോലും വളരെ ലളിതമായി നമ്മൾ തിരിച്ചറിയുന്നു.. ഇതു മനസ്സിലാക്കിക്കൊണ്ട് നോവലിലേക്കു പ്രവേശിക്കുമ്പോൾ കഥകളും കഥാപാത്രങ്ങളും നമുക്ക് ഹൃദ്യമായി മാറുന്നു.
ചരിത്രത്തിന്റെ പിൻബലത്തോടെ,ഒട്ടേറെ പഠനങ്ങൾക്കും അന്വേഷണങ്ങൾക്കും ഒടുവിൽ ഒരു കാലത്തിന്റെ ചരിത്രം വായനക്കാർക്കായി കരുതി വച്ചിരിക്കുന്നു ബെന്യാമിൻ . രാഷ്ട്രീയപരമായും ,ചരിത്രപരമായും, സഭാധിഷ്ഠിതമായും നോവൽ ജീവിതത്തെ തറപ്പിച്ചു നോക്കിക്കൊണ്ടിരുന്നു.
ഇനി നോവൽ വായന വിട്ടു പുറത്തേക്കു വരുമ്പോൾ, ഒരുപാട് സന്തോഷം തോന്നുന്നു. ഈ മാന്തളിർ ദേശത്തിനു വളരെ വലുതലാത്ത ദൂരത്തിലാണ് ന്റെ നാട്. കഥകൾ കടന്നു പോകുന്ന വഴികൾ പലതിലൂടെയും ഞാൻ സഞ്ചരിച്ചിട്ടുണ്ട്. 'അമ്മ വീടായചെങ്ങന്നൂരിലും, വല്യമ്മച്ചിയുടെ വീടായ കുളനടയിലും പന്തളത്തും തിരുവല്ലയിലും, കോഴഞ്ചേരി, മാവേലിക്കര ഭാഗങ്ങളിലും കഥാതന്തുക്കൾ സഞ്ചരിക്കുന്നു. നോവലിലെ ചില കഥാപാത്രങ്ങളെ എങ്കിലും നേരിൽ കാണുവാൻ സാധിച്ചിട്ടുണ്ട്.
കഥകൾ കേട്ടിരിക്കാൻ ഇഷ്ട്ടമുള്ള ഞങ്ങൾ കൊച്ചുമക്കളോടു വല്യമ്മച്ചി പറഞ്ഞു തന്ന കഥകൾ കൂടുതലും കുളനട - മാന്തളിർ ദേശത്തെ കഥകൾ ആയിരുന്നു.
പിന്നീട് മുതിർന്നപ്പോൾ പപ്പ പറഞ്ഞ കഥകൾ കമ്മ്യൂണിസത്തിന്റെയും പാർട്ടിയുടെയും , കമ്മ്യൂണിസ്റ്റ് പാർട്ടി പിളർപ്പിന്റെയും ഒക്കെ ചുവപ്പിൻ നിറമുള്ള വിപ്ലവ കഥകൾ. ആ കഥകളിൽ ഒക്കെ നിറഞ്ഞിരുന്നത് ഡാങ്കെയും , ഡാങ്കെയുടെ മകൾ റോസാദേശ് പാണ്ഡേയുടെയും ഇന്ദിരാഗാന്ധിയുടെയും ഒപ്പമുള്ള ഒരു അത്താഴവിരുന്നിന്റെ കഥകൾ. ആ ദിവസത്തിന്റെ ഓർമയ്ക്ക് നിധി പോലെ കൊണ്ട് നടക്കുന്ന ആ ഫോട്ടോ. വര്‍ഗീസ് വൈദ്യനും , മകൻ ചെറിയാൻ കല്പകവാടിയും, ലാൽ വര്‍ഗീസും, വേണു നാഗവള്ളിയും ഒക്കെ വീട്ടിലെ അതിഥികളായി വന്നിരുന്ന ഒരു കാലം
മാന്തളിർ നോവൽ വായന പുരോഗമിക്കുന്നത് ആറു ദിവസം നീളുന്ന ട്രെയിൻ യാത്രയിൽ ആയിരുന്നു. കഥാസന്ദര്‍ഭങ്ങളിൽ ചിലതൊക്കെ വീട്ടിൽ വിളിച്ചു പങ്കുവച്ചു.. ഓർമ്മകൾ പൊടിതട്ടിയെടുത്തു പപ്പ ആ കാലഘട്ടത്തെ കുറിച്ച് ഏറെ വാചാലനായി.. ഒരുപാട് വർഷങ്ങൾക്കു ശേഷം..
എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു കൂട്ടിവായനയാണ്... കേട്ടുമറന്ന കഥകളുടെ ..കോംഗോ കാടുകളിൽ തെളിഞ്ഞ ചെയുടെ, സഭാചരിത്രത്തിന്റെ,.. അങ്ങനെ ഒരുപാട് കാര്യങ്ങളുടെ ഓർമ്മപുതുക്കൽ..
അക്കപ്പോരിന്റെ ഇരുപതു വര്‍ഷങ്ങളുടെ തുടർച്ചയാണ് ഈ നോവൽ എന്നും പറയാം. എന്നാൽ ഒന്നൊന്നിനോട് ബാക്കിയാവുന്നുമില്ല . നാനൂറിൽ അധികം പേജുകൾ .. ഓരോ പേജും മറിക്കുമ്പോൾ ചിലപ്പോളൊക്കെ ഞാൻ പൊട്ടിച്ചിരിച്ചു.. മന്ദാകിനി കൊച്ചമ്മയും, കൊച്ചാപ്പച്ചനും, ആൻസിയും, ത്രിത്വവും,വല്യപ്പച്ചനും, അമ്മിണിയും അച്ചാച്ചനും ..കോമറൈഡ് ജിജനും കോംഗോ കാടുകളും, പാട്രിസ് ലുമുംബയും പഞ്ചാബി കല്യാണവും.. എല്ലാം പുതിയ വായനാ അനുഭവങ്ങളും നർമ അനുഭവങ്ങളും ആണ്..
എല്ലായ്പ്പോഴത്തെയും പോലെ വളരെ വ്യത്യസ്തമായ ശൈലിയും അവതരണവും കഥകളും കൊണ്ട് ബെന്യാമിൻ ഈ നോവലും നമുക്ക് നല്ലയൊരു വായനാ അനുഭവം സമ്മാനിക്കുകയാണ്.