
മഹാഭാരതം ഇന്നലെയുടെ കഥയും ഇന്നത്തെ ഇന്ത്യയുടെ കഥയുംകൂടിയാണ്. ഒരു പക്ഷേ, അതു നാളത്തെ ഭാരതത്തിന്റെ കഥയുംകൂടിയാവും. മറ്റേത് ഇതിഹാസത്തെക്കാളും മഹാഭാരതത്തിന് സമകാലികതയും സാര്‍വകാലികതയും ഏറെയുണ്ട്. ഭാരതജനതയുടെ സ്വഭാവത്തെയും സംസ്ക്കാരത്തെയും ശതാബ്ദങ്ങളായി രൂപപ്പെടുത്തിയത് മഹാഭാരതത്തിലെ കഥാപാത്രങ്ങളാണ്. കുടുംബവൃത്തങ്ങളില്‍, രാഷ്ട്രീയമണ്ഡലങ്ങളില്‍ അവര്‍ ഇന്നും പൂര്‍വ്വാധികം പരിചിതത്വത്തോടെ പെരുമാറുന്നു. ഗാര്‍ഹികവും സാമൂഹികവും ആയ മാതൃകകളായി അവര്‍ നിലകൊളളുന്നു. മഹാഭാരതത്തെ നേരിട്ടു സ്പര്‍ശിക്കാത്ത ദാര്‍ശനികവും സാമൂഹികവും രാഷ്ട്രീയവും ആയ ഒരു വ്യാപാരവും സംവാദവും ഇന്നും ഭാരതത്തില്‍ സാധ്യമല്ല. ഭാരതത്തിന്റെ ഐതിഹാസിക ഭൂതകാലത്തിലേക്കും സമീപകാലചരിത്രത്തിലേക്കും നോവല്രചനയ്ക്കു വേണ്ട ഉറവിടങ്ങള്‍തേടി ഗ്രന്ഥകര്‍ത്താവ് (ശശിതരൂര്‍) പോകുന്നുണ്ടെങ്കിലും ആത്യന്തികമായും ഇത് വര്‍ത്തമാനകാല ഭാരതത്തെ നിര്‍മ്മിച്ച അഥവാ അപനിര്‍മ്മിച്ച ശക്തികളെക്കുറിച്ചുളള ഒരു നോവലാണ്. മഹാഭാരതത്തില്‍നിന്ന് ഈ നോവല്‍ വളരെയേറെ കടം കൊണ്ടിട്ടുണ്ട്. കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും പുത്തന്‍ പരിപ്രേക്ഷ്യത്തില്‍ പുനര്‍ജനിക്കുന്നു. അബോധപൂര്‍വ്വം സംഭവിച്ച ഒരു ജൈവപ്രക്രിയയുടെ ഫലമല്ല, ഈ പുനഃസൃഷ്ടി. ഗ്രന്ഥകാരന്റെ രചന സോദ്ദേശ്യമാണ്. വളരെ വ്യക്തമായ ലക്ഷ്യങ്ങള്‍ ഗ്രന്ഥകര്‍ത്താവിനുണ്ട്. കഥാപാത്രങ്ങളുടെ മുഖം അവ്യക്തമായിരിക്കണം എന്ന് വിചാരമില്ല. ഭാരതത്തില്‍ അത് നന്നായിട്ടുമുണ്ട്. വര്‍ഗ്ഗീയവും ജാതീയവുമായ സംഘര്‍ഷങ്ങളും പൊട്ടിത്തെറികളും ഉയരുന്ന ഇന്ത്യയില്‍, ഭീകരപ്രവര്‍ത്തനങ്ങളും വിഭാഗീയതയും വളരുന്ന ഇന്ത്യയില്‍, പോലീസ് ഏറ്റുമുട്ടലുകളും ഭയപ്പെടുത്തുന്നവിധം കൊലപാതകങ്ങളുമുളള ഇന്ത്യയില്‍ നാശകാലത്തിന്റെ കഥ പറയുന്ന മഹാഭാരതം എന്ന രചന ഒരു കാരണം കൊണ്ടും അപ്രസക്തമാകാന്‍ വയ്യ. ഗദ്യവും കവിതയും ഇടകലര്‍ത്തിയ ആഖ്യാനശൈലി നോവലിന്റെ അന്തര്‍ധാരയായ ആക്ഷേപഹാസ്യത്തിന് അത്യന്തം യോജിച്ചിരിക്കുന്നു. ഇന്ത്യന്‍ നോവലിന് ഏറ്റവും പ്രിയപ്പെട്ട ഒരു ഇതിഹാസത്തെ അതിരൂക്ഷമായ സാമൂഹിക പരിഹാസത്തിന് പാകമാംവിധം ശക്തമായി അവതരിപ്പിച്ച ഗ്രന്ഥകാരന്റെ യത്നം ലക്ഷ്യവേധിയാണ്.