
‘ചില ജീവിത രംഗങ്ങള്‍ മങ്ങിപ്പോകാതെ മനസ്സില്‍ അവശേഷിക്കുന്നു. അവയ്ക്ക് വാഗ്രൂപം നല്‍കണമെന്നു തോന്നി. അതിന്റെ ഫലമാണ് ഈ കുറിപ്പുകള്‍. ജീവിതം ഒരു മഹാത്ഭുതമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് അത് നിങ്ങള്‍ക്കായി എപ്പോഴും കാത്തു വെയ്ക്കുന്നു.’
ഈ വരികള്‍ ആമുഖമായി എഴുതിച്ചേര്‍ത്താണ് ബാലചന്ദ്രന് ചുള്ളിക്കാട് തന്റെ ചിദംബര സ്മരണ എന്ന പുസ്തകം ആരംഭിക്കുന്നത്. മലയാളഭാഷയുടെ ശക്തിയും സൗന്ദര്യവും അനുഭവിപ്പിക്കുന്ന കുറിപ്പുകള്‍ ഉരുകിയൊലിക്കുന്ന ലാവ പോലെ അദ്ദേഹത്തിന്റെ തൂലികയില്‍ നിന്ന് വാര്‍ന്നുവീഴുകയാണ്. കവിതയെന്ന പോലെ അനായാസം വഴങ്ങുന്ന ഗദ്യരചനയില്‍ അദ്ദേഹത്തിന് കൂട്ട് സ്വന്തം ജീവിതം തന്നെ.
ഹൃദയം പൊള്ളിക്കുന്ന 38 കുറിപ്പുകളാണ് ചിദംബര സ്മരണ എന്ന പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ബാലചന്ദ്രന് ചുള്ളിക്കാട് എന്ന കവിയുടെ ജീവിതത്തിന്റെ ഒരു കാലഘട്ടം ഈ ലേഖനങ്ങളിലൂടെ വായിക്കാം. നമ്മളും ജീവിതത്തിന്റെ സന്ധികളില്‍ കണ്ടുമുട്ടിയിട്ടുണ്ടല്ലോ എന്നു തോന്നിക്കുന്ന ചില കഥാപാത്രങ്ങളെയാണ് വ്യത്യസ്ത ലേഖനങ്ങളിലൂടെ ചുള്ളിക്കാട് നമുക്ക് പരിചയപ്പെടുത്തുന്നത്. കണ്ണീരുപ്പു കലര്‍ന്ന ഓര്‍മ്മയായി അവര്‍ എന്നും വായനക്കാരന്റെ മനസ്സിനെ വേട്ടയാടുകയും ചെയ്യും.
ജീവിതത്തിലെ പ്രതിസന്ധികളില്‍ പകച്ചുനിന്ന സന്ദര്‍ഭങ്ങളും സത്യസന്ധമായി ചുള്ളിക്കാട് തുറന്നുപറയുന്നു. പിറക്കാനിരുന്ന മകനെ ഗര്ഭച്ഛിദ്രത്തിലൂടെ ഇല്ലാതാക്കിയ കഥ പറയുമ്പോള്‍ അച്ഛന്റെ വേദനയില്‍ നമ്മളും വേദനിക്കും. ലോകാവസാനം വരേയ്ക്കും പിറക്കാതെ പോകട്ടെ നീയെന്‍ മകനേ എന്ന് തൊണ്ട പൊള്ളി അദ്ദേഹം പാടുമ്പോള്‍ അനുവാചകന്റെ ചെവിയിലും ആ പൊള്ളല്‍ അനുഭവപ്പെടും.
അലഞ്ഞുതിരിഞ്ഞ കാലഘട്ടവും ജോലിക്ക് കയറിക്കഴിഞ്ഞുള്ള അനുഭവങ്ങളും ചുള്ളിക്കാട് ചിദംബര സ്മരണയില്‍ വിവരിക്കുന്നുണ്ട്. ഒരു വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്ന ഈ കുറിപ്പുകള്‍ 1998ലാണ് ആദ്യമായി പുസ്തക രൂപത്തിലാകുന്നത്. 2001ല്‍ ആദ്യ ഡി സി എഡീഷന് പുറത്തിറങ്ങി. പ്രസിദ്ധീകരണത്തിന്റെ പന്ത്രണ്ടാം വര്‍ഷത്തില്‍ പതിനേഴാമത് പതിപ്പാണ് ഇപ്പോള്‍ വിപണിയിലുള്ളത്. എല്ലാത്തരം വായനക്കാര്‍ക്കും ഇഷ്ടമാകുന്ന രചനാ ശൈലിയാണ് ചിദംബര സ്മരണയെ ഇത്രയും ജനകീയമാക്കിയത്.